Latest Updates

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇന്നും അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലെ ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂര്‍ ജില്ലകളില്‍ വരും മണിക്കൂറുകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൊല്ലം, ആലപ്പുഴ, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത നിലനില്‍ക്കുന്നതായും ഏറ്റവും പുതിയ മുന്നറിയിപ്പ് പറയുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്ന സാഹചര്യത്തില്‍ ചൊവ്വാഴ്ചയോടെ മഴ കൂടുതല്‍ വ്യാപകമാകുമെന്നാണ് പ്രവചനം. ജൂണ്‍ ആദ്യവാരംവരെ മഴ തുടരുമെന്ന് സൂചന. അതേസമയം, കാലവര്‍ഷ കെടുതികളില്‍ ഇതുവരെ ആറു മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ മലപ്പുറം, കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, ഇടുക്കി, തൃശൂര്‍, കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ കലക്ടര്‍മാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍ സര്‍വകലാശാലയുടെ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.

Get Newsletter

Advertisement

PREVIOUS Choice